07:51am 27 August 2026
NEWS
മുഖ്യമന്ത്രി സിദ്ധരാമയ്യ സമുന്നത നേതാവ്; അദ്ദേഹത്തിന്റെ പേര് വെറുതെ വലിച്ചിഴക്കരുത്: സ്വരം മാറ്റി ഡി കെ ശിവകുമാർ
17/02/2025  11:47 AM IST
വിഷ്ണുമംഗലം കുമാർ
മുഖ്യമന്ത്രി സിദ്ധരാമയ്യ സമുന്നത നേതാവ്;അദ്ദേഹത്തിന്റെ പേര് വെറുതെ വലിച്ചിഴക്കരുത്: സ്വരം മാറ്റി ഡി കെ ശിവകുമാർ

കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിരന്തരം പുകഴ്ത്തുകയും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കാൻ അദ്ദേഹം അനിവാര്യമാണെന്നും മുതിർന്ന മന്ത്രിമാർ തുടർച്ചയായി ആവശ്യപ്പെടുകയും ചെയ്യുന്നതിൽ അസ്വസ്ഥനായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ശിവകുമാർ പിസിസി അധ്യക്ഷപദവി ഒഴിയണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാൻ അവസരം കാത്തിരിക്കുന്ന ശിവകുമാറിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളാണ് കോൺഗ്രസ്സ് നേതാക്കളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. രണ്ടുദിവസം ആ പ്രസ്താവനകളോട് പ്രതികരിക്കാതിരുന്ന ശിവകുമാർ പെട്ടെന്ന് സ്വരം മാറ്റി. " മുഖ്യമന്ത്രി സിദ്ധരാമയ്യ സമുന്നത നേതാവാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും പാർട്ടിയെ നയിക്കാൻ അദ്ദേഹം വേണം. മുഖ്യമന്ത്രിയുടെ പേര് ദിവസവും തെരുവിലേക്ക് വലിച്ചിഴക്കുന്നത് നല്ല പ്രവണതയല്ല. രണ്ടുതവണ മുഖ്യമന്ത്രിയായ അദ്ദേഹം നന്നായി ഭരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിലും നമ്മെ നയിക്കാൻ അദ്ദേഹം വേണമെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ പേര് വിവാദമാക്കുന്നത് എന്തിനാണ്? മാധ്യമങ്ങൾക്ക് തീറ്റയാകാൻ നാം മുഖ്യമന്ത്രിയെ എറിഞ്ഞുകൊടുക്കരുത്."തികച്ചും അപ്രതീക്ഷിതമായ നിലപാടാണ് ശിവകുമാറിൽ നിന്നുണ്ടായത്. അഹിന്ദ നേതാക്കൾ തന്നെ ഒഴിവാക്കി ഹൈക്കമാണ്ടിൽ നിന്ന് അനുമതി വാങ്ങി പിന്നോക്ക വിഭാഗ റാലി നടത്തുന്നതിലും ജാതി സെൻസസ് റിപ്പോർട്ട് ക്യാബിനറ്റിൽ വെക്കാൻ മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തുന്നതിലും ശിവകുമാറിന് വിയോജിപ്പുണ്ട്. അദ്ദേഹം ഹൈക്കമാണ്ടിനെ സമീപിച്ച് മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ടെന്ന വാർത്തയുണ്ടായിരുന്നു. മുതിർന്ന മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, കെ എൻ രാജണ്ണ, എച്ച് സി മഹാദേവപ്പ, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് സിദ്ധരാമയ്യയ്ക്കുവേണ്ടി പട നയിക്കുന്നത്. ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര, നഗര വികസനമന്ത്രി ബൈരതി സുരേഷ് എന്നിവരും ഒപ്പമുണ്ട്. ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് അഹിന്ദ നേതാക്കളുടെയും മറ്റു പ്രമുഖരുടെയും ലക്ഷ്യം. ഉപമുഖ്യമന്ത്രി പദവിയും പിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചുവഹിക്കുന്ന കരുത്തനായ ഡി കെ ശിവകുമാർ ദുർബ്ബലനാവുന്ന കാഴ്ചയാണ് കോൺഗ്രസ്സ് ഭരിക്കുന്ന കർണാടകത്തിൽ കാണാൻ കഴിയുന്നത്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ നേതാവ് എന്ന അംഗീകാരം സിദ്ധരാമയ്യയ്ക്ക് നേടിക്കൊടുക്കാനാണ് അനുയായികൾ പരിശ്രമിക്കുന്നത്. നിലവിൽ ആ റിക്കാർഡ് ദേവരാജ് അറസിനാണ്. കർണാടക സംസ്ഥാനം നിലവിൽ വന്നശേഷം രണ്ടുതവണയും അതിനു മുമ്പ് മൈസൂർ സംസ്ഥാനമായിരിക്കെ ഒരു തവണയും അറസ് മുഖ്യമന്ത്രിയായിട്ടുണ്ട്. ആകെ ഏതാണ്ട് എട്ടു വർഷം. സിദ്ധരാമയ്യ അത് മറികടക്കുമെന്ന് അനുയായികൾ അഭിപ്രായപ്പെടുമ്പോൾ അതിനർത്ഥം അടുത്തൊന്നും അദ്ദേഹം മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കാനിടയില്ല എന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img